Thulaseedasan

ഭാരതത്തിലെ പ്രാചീന കവിസാര്‍വഭൗമന്മാരില്‍ ഒരു ഉന്നതസ്ഥാനം ഭക്തകവിചക്രവര്‍ത്തിയായ ഗോസ്വാമി തുളസീദാസിനുണ്ട്. ഹിന്ദിഭാഷയിലെയും സാഹിത്യത്തിലെയും കെടാവിളക്കാണ് ആ കവിയുടെ ഭരാമചരിതമാനസ്', പ്രചാരണത്തെ സംബന്ധിച്ചിടത്തോളം വാല്മീകിരാമായണത്തേക്കാള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഈ ഗ്രന്ഥമാണ്. മഹാകവി തുളസീദാസ് വിക്രമസംവത്സരം 1589ല്‍ ഭബന്ദാം' ജില്ലയില്‍ രാജാപുരം ഗ്രാമത്തില്‍ ഒരു ദരിദ്രബ്രാഹ്മണകുടുംബത്തില്‍ ജാതനായി എന്ന് വിശ്വസിക്കപ്പെടുന്നു. വിശദമായ മറ്റു ചരിത്രരേഖകളൊന്നും നമുക്കില്ല. ചെറുപ്പകാലത്തു സിദ്ധിച്ച ജ്ഞാനവും ജീവിതക്ലേശങ്ങളും തുടര്‍ന്നുണ്ടായ വിരക്തിയും ആ കവിയുടെ ഭക്തിയെ അചഞ്ചലവും സുസ്ഥിരവുമാക്കി. സീതാരാമന്മാരുടെ നിസ്തുലോപാസകനും താരകമഹാമന്ത്രമായ രാമനാമത്തില്‍ അതീവതല്പരനുമായി ലോകം മുഴുവന്‍ ശ്രീരാമമയമായി കണ്ടു സന്തുഷ്ടനായി ആ കവി രാമായണകഥ ജനകീയഭാഷയില്‍ രചിച്ചു. വര്‍ണ്യവസ്തുവിലാണ് കവി സര്‍വശ്രദ്ധയും കേന്ദ്രീകരിച്ചത്. രാമന്റെ പ്രഭാവം, രാമന്റെ ഗുണങ്ങള്‍ മുതലായവയാണു വായനക്കാരുടെ മുമ്പില്‍ നിവേദിക്കുന്നത്. നിരവധി ജനങ്ങളെ സംസാരാര്‍ണവത്തില്‍നിന്നു കരകയറ്റാന്‍ രാമചരിതമാനസംവഴി ആ മഹാകവിക്കു കഴിഞ്ഞിട്ടുണ്ട്. തന്റെ കൃതി പാരായണം ചെയ്യാനല്ല, ഗാനംചെയ്യാനാണ് കവി ഉപദേശിക്കുന്നതും. തുളസീദാസവിരചിതങ്ങളെന്നറിയപ്പെടുന്ന കൃതികളില്‍ ദോഹാവലി, വിനയപത്രിക, ഗീതാരാമായണം, വൈരാഗ്യസന്ദീപിനി, കവിതാരാമായണം, രാമസത്‌സയി, പാര്‍വതീമംഗല എന്നിവയെല്ലാം പെടുന്നു. എങ്കിലും രാമചരിതമാനസം എന്ന വിശിഷ്ട ഗ്രന്ഥം മാത്രം മതി ആ മഹാകവിയുടെ സ്മരണ ജനഹൃദയങ്ങളില്‍നിന്നു മായാതിരിക്കാന്‍.

    Showing the single result

    Showing the single result