James Joyce
മേരി ജെയ്ന്‍ മറിയുടെയും ജോണ്‍ ജോയ്‌സിന്റെയും മകനായി 1882 ഫിബ്രവരി രണ്ടിന് ഡബ്ലിനില്‍ ജനിച്ചു. 'പതിനാറോ പതിനേഴോ കുട്ടികള്‍ ' എന്ന് പിതാവ് വിശേഷിപ്പിച്ച ഒരു വലിയ കുടുംബത്തിലെ അവശേഷിച്ച കുട്ടികളില്‍ മൂത്തവനായിരുന്നു ജെയിംസ് ജോയ്‌സ്. ഒരിക്കല്‍ സമ്പന്നരായിരുന്നെങ്കിലും പിന്നീട് ജോയ്‌സ് കുടുംബത്തിന് കടുത്ത ദാരിദ്ര്യം അനുഭവിക്കേണ്ടിവന്നു. എങ്കിലും ഡബ്ലിനിലെ മികച്ച ജെസ്യൂട്ട് വിദ്യാലയങ്ങളിലായിരുന്നു അദ്ദേഹം പഠിച്ചത്. 1902-ല്‍, ബിരുദത്തെത്തുടര്‍ന്ന് വൈദ്യപഠനത്തിനു ചേരാമെന്ന ചിന്തയില്‍ പാരീസിലേക്ക് യാത്രയായി. പക്ഷേ, തത്ത്വചിന്തയായിരുന്നു അദ്ദേഹം പഠിച്ചത്. ഇക്കാലത്ത് ഗദ്യക്കുറിപ്പുകളും കവിതകളും എഴുതിക്കൊണ്ട് 'സൗന്ദര്യശാസ്ത്രപരമായ ഒരു ക്രമം' രൂപപ്പെടുത്തി. അമ്മയുടെ അസുഖം അടുത്തവര്‍ഷം അദ്ദേഹത്തെ തിരിച്ച് ഡബ്ലിനില്‍ എത്തിച്ചു. 1904-ലെ വേനല്‍ക്കാലത്ത് ഗാല്‍വെയില്‍നിന്നുള്ള നോറ ബാര്‍ണക്കഌനെ പരിചയപ്പെട്ടു, തന്നോടൊപ്പം കോണ്‍ടിനെന്റിലേക്ക് വരാന്‍ ജോയ്‌സ് അവളെ ക്ഷണിച്ചു; അവിടെ ചെന്ന് ഇംഗ്ലീഷ് പഠിപ്പിക്കാനായിരുന്നു പദ്ധതി. പോളയില്‍ ഏതാനും മാസം ചെലവഴിച്ച യുവദമ്പതികള്‍ 1905-ല്‍ ത്രീസ്തിലേക്ക് താമസം മാറി; റോമില്‍ ഏഴുമാസവും ഡബ്ലനിലേക്കുള്ള ഏതാനും യാത്രകളും ഒഴിച്ചാല്‍ അടുത്ത പത്തുവര്‍ഷം അവര്‍ ത്രീസ്തില്‍ത്തന്നെ താമസിച്ചു. ഇതിനിടെ രണ്ടു മക്കളുണ്ടായി, ഒരാണും പെണ്ണും. ആദ്യപുസ്തകമായ ചേമ്പര്‍ മ്യൂസിക് 1907-ല്‍ ലണ്ടനില്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് ഡബ്ലിന്‍ നഗരത്തിന്റെ 'ധാര്‍മികചരിത്രം' എന്ന് ജോയ്‌സ് തന്നെ വിശേഷിപ്പിച്ച ഡബ്ലിനേഴ്‌സ് എന്ന കഥാസമാഹാരം പുറത്തിറങ്ങി; 1914-ല്‍. ആദ്യലോകമഹായുദ്ധത്തിലേക്കുള്ള ഇറ്റലിയുടെ പ്രവേശനം ജോയ്‌സിനെ സൂറിച്ചിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതനാക്കി. 1919 വരെ അവിടെയായിരുന്നു അദ്ദേഹം ചെലവിട്ടത്. ഈ കാലയളവിലാണ് ദ് പോര്‍ട്രെയ്റ്റ് ഓഫ് ദി ആര്‍ട്ടിസ്റ്റ് ആസ് എ യങ് മാന്‍ (1916) എന്ന ആത്മകഥാപരമായ നോവലും എക്‌സൈല്‍സ് (1918) എന്ന നാടകവും പ്രസിദ്ധീകരിക്കുന്നതും യൂലിസിസ്സ് എന്ന നോവല്‍ തുടങ്ങുന്നതും. തുടര്‍ന്ന് പാരിസിലേക്ക് താമസം മാറിയ ജോയ്‌സ് യൂലിസിസ്സ് പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. 1918-ല്‍ ലിറ്റില്‍ റിവ്യൂ എന്ന മാസികയില്‍ ഒരു ചെറിയ ഭാഗം പരമ്പരയായി പ്രസിദ്ധീകരിച്ചെങ്കിലും അത് അശ്ലീലം എന്ന പേരില്‍ കണ്ടുകെട്ടപ്പെടുകയും ജോയ്‌സ് കുറ്റക്കാരനായി ശിക്ഷിക്കപ്പെടുകയും ചെയ്തു. ഒടുവില്‍ 'ഷെയ്ക്സ്പിയര്‍ ആന്‍ഡ് കമ്പനി' എന്ന പുസ്തകശാലയുടെ ഉടമസ്ഥയായ സില്‍വിയ ബീച്ച് യൂലിസിസ്സ് പ്രസിദ്ധീകരിക്കാന്‍ തയ്യാറായി. ജോയ്‌സിന്റെ നാല്പതാം പിറന്നാളിന്റെ അന്ന്, 1922 ഫിബ്രവരി രണ്ടിന്, അച്ചടിച്ച പുസ്തകം ജോയ്‌സിന്റെ കൈകളിലെത്തി. നോവല്‍ പെട്ടെന്നുതന്നെ നിരൂപകശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് 'മോഡേണിസം' എന്ന പേരില്‍ പ്രസിദ്ധമായ സാഹിത്യപ്രസ്ഥാനത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി ജോയ്‌സ്. അതേ വര്‍ഷം തുടങ്ങിയ ഫിന്നഗന്‍സ് വെയ്ക്ക്, നിരന്തരമായ നേത്രരോഗങ്ങളും മകളുടെ മാനസികാസുഖങ്ങളും അദ്ദേഹത്തെ തളര്‍ത്തിയെങ്കിലും, നീണ്ട പതിനാറു വര്‍ഷങ്ങള്‍ക്കുശേഷം പൂര്‍ത്തിയാക്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മനി ഫ്രാന്‍സിനെ ആക്രമിച്ചപ്പോള്‍ ജോയ്‌സും കുടുംബവും പാരിസ് വിട്ട് ആദ്യം വിഷിയിലേക്കും പിന്നെ സൂറിച്ചിലേക്കും പോയി. അള്‍സര്‍ബാധിതനായ അദ്ദേഹം, ഏതാനും ആഴ്ചകള്‍ക്കുശേഷം, 1941 ജനവരി 13-ന് അന്തരിച്ചു.
Showing the single result
Showing the single result