ഞാന്‍
₹620.00 ₹527.00
15% off
In stock
ജന്മശതാബ്ദി വര്‍ഷത്തില്‍ ആത്മകഥയുടെ പുതിയ പതിപ്പ്
മലയാളികളുടെ സാംസ്കാരിക-സാമൂഹിക ഭൂമികയില്‍ കോളിളക്കം സൃഷ്ടിച്ച തന്റെ നാടകങ്ങളെപ്പോലെ തന്നെ, ആഖ്യാനമന്ത്രവാദത്തിന്റെ ചങ്ങലയില്‍ നമ്മെ തളച്ചിടുന്ന രചനയാണ് എന്‍.എന്‍. പിള്ളയുടെ ഞാന്‍. ‘എന്റെ ജനനം ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു’ എന്ന നടുക്കുന്ന ഒന്നാം വാചകം മുതല്‍ എന്‍.എന്‍. പിള്ളയെന്ന കഥാകഥനമാന്ത്രികന്, പണ്ട് ഹാമെലിനിലെ കുഴലൂത്തുകാരന് കുട്ടികളെയെന്നപോലെ, നമ്മെ സാഹസികവും വിസ്മയകരവും സംഭവബഹുലവുമായ ഒരു ജീവിതപ്പാതയിലൂടെയുള്ള അത്ഭുതയാത്രയില് സഹയാത്രികരാക്കുന്നു. എന്‍.എന്‍. പിള്ളയിലെ തത്ത്വചിന്തകനും ധിക്കാരിയും അവിശ്വാസിയും വിഗ്രഹഭഞ്ജകനും ഒന്നുചേര്‍ന്ന് കൂസലില്ലാതെ, സദാചാരകാപട്യങ്ങളെ വലിച്ചെറിഞ്ഞ്, മനുഷ്യാന്തസ്സിന്റെ ശക്തിയോടെ സ്വന്തം ജീവിതത്തെ കോരിത്തരിപ്പിക്കുന്ന ഒരു നാടകമെന്നപോലെ പകര്‍ത്തുന്നു. നിസ്സംശയമായും ഭാഷയിലുണ്ടായ ഏറ്റവും ധീരവും സത്യസന്ധവുമായ ആത്മകഥയാണിത്. അവിസ്മരണീയരായ കഥാപാത്രങ്ങളും പിടിച്ചുകുലുക്കുന്ന സംഭവവികാസങ്ങളും മധുരമനോഹരങ്ങളായ വൈകാരിക മുഹൂര്‍ത്തങ്ങളും യുദ്ധത്തിന്റെയും കൂട്ടക്കൊലയുടെയും പലായനത്തിന്റെയും ഭീകരനിമിഷങ്ങളും ഒന്നിച്ചുചേരുന്ന ഈ ആത്മകഥ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതികളുടെ ഒന്നാംനിരയില്‍ സ്ഥാനം പിടിക്കുന്നു.
-സക്കറിയ
എന്‍.എന്‍. പിള്ള 1918-ല്‍ വൈക്കത്ത് ജനിച്ചു. അച്ഛന്: നാരായണപിള്ള. അമ്മ: പാറുക്കുട്ടിയമ്മ. ഇന്റര്‍മീഡിയറ്റിന് (കോട്ടയം സി.എം.എസ്. കോളേജ്) പരാജയപ്പെട്ടതിനെ തുടര്‍ന്ന് മലയയിലേക്ക് ഒളിച്ചോടി. രണ്ടാം ലോകമഹായുദ്ധകാലത്ത് നേതാജിയുടെ ഐ.എന്‍.എയില്‍ ചേര്‍ന്നു. യുദ്ധാവസാനം 1945-ല്‍ നാട്ടിലേക്ക് മടങ്ങി. രണ്ടുവര്‍ഷത്തിനുശേഷം കുടുംബസമേതം വീണ്ടും മലയയിലേക്ക് പോയി. മൂന്നരവര്‍ഷം കഴിഞ്ഞ് ജോലി രാജിവെച്ച് വീണ്ടും നാട്ടില്‍ തിരിച്ചെത്തി. 1952-ല്‍ വിശ്വകേരള കലാസമിതി എന്ന നാടകസംഘം രൂപീകരിച്ചു. അന്നുമുതല്‍ മരണംവരെ ജീവിതം നാടകവേദിയില്ത്തന്നെയായിരുന്നു. സ്വന്തമായി രചിച്ച നാടകങ്ങള്‍ മാത്രം അവതരിപ്പിച്ചു. കുടുംബസമേതം നാടകങ്ങളില്‍ വേഷമിട്ടു. ഈശ്വരന് അറസ്റ്റില്‍, റ്റു ബി ഓര് നോട്ട് റ്റു ബി, കാപാലിക, ക്രോസ്ബെല്‍റ്റ്, ദി പ്രസിഡണ്ട്, പ്രേതലോകം തുടങ്ങിയ നാടകങ്ങള്‍ ഏറെ ജനപ്രീതിയാര്‍ജിച്ചു. 28 നാടകങ്ങളും ആറ് സമാഹാരങ്ങളിലായി 23 ഏകാങ്ക നാടകങ്ങളും, നാടകദര്‍പ്പണം, കര്ട്ടന് എന്നീ പഠനഗ്രന്ഥങ്ങളും ഞാന്‍ എന്ന ആത്മകഥയുമാണ് കൃതികള്‍. ആത്മബലി എന്ന നാടകത്തിന് സ്റ്റേറ്റ് അവാര്‍ഡും കേന്ദ്രഗവണ്മെന്റിന്റെ സോങ് ആന്‍ഡ് ഡ്രാമ ഡിവിഷന് അവാര്‍ഡും പ്രേതലോകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും സാഹിത്യപ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡും മരണനൃത്തത്തിന് സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. ഞാന്‍ അബുദാബി മലയാളി സമാജത്തിന്റെ പുരസ്കാരം നേടി. കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡും ഫെലോഷിപ്പും കേന്ദ്രഗവണ്മെന്റിന്റെ നാഷണല്‍ അവാര്‍ഡ്, സംസ്ഥാന അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. 1988-ല്‍ വിശ്വകേരള കലാസമിതി പിരിച്ചുവിട്ടു. ക്രോസ്ബെല്‍റ്റ്, കാപാലിക തുടങ്ങിയ നാടകങ്ങള്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. '91 ആഗസ്ത് വരെ വിശ്രമജീവിതം. അക്കാലത്ത് ഗോഡ്ഫാദര് എന്ന സിനിമയില്‍ അഭിനയിച്ചു. തുടര്‍ന്ന് തമിഴിലും തെലുങ്കിലും അതേ ഭാഗംതന്നെ അഭിനയിക്കുകയുണ്ടായി. കൂടാതെ നാടോടി എന്ന ചിത്രത്തിലും. ഭാര്യ ചിന്നമ്മയും സഹോദരി ഓമനയും ജീവിച്ചിരിപ്പില്ല. സുലോചന, വിജയരാഘവന്, രേണുക എന്നീ മക്കളും പ്രയാഗ, അഥീന, ജിനദേവന്, ദേവദേവന്, മിഥുന്‍ബാബു എന്നീ അഞ്ച് പേരക്കുട്ടികളുമടങ്ങുന്നതാണ് കുടുംബം. 1995 നവംബര്‍ 14ന് അന്തരിച്ചു.