Description
ജീവിതത്തെ ഓര്‍ക്കുക. ചോദ്യം ചെയ്യുക. മുറിവേല്‍ക്കുക. തെറ്റിപ്പോകുക. തിരികെ വരിക. രേഷ്മയുടെ കവിതകള്‍ ജീവിതത്തെ അതിന്റെ നനവോടെയും കാഠിന്യത്തോടെയും തൊടുന്നു. എല്ലാ മൗനമായ മുറിവുകളും കവിതയായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. സ്‌നേഹത്തിന്റെ ഭാഷയ്ക്കുള്ളില്‍പ്പോലും അധികാരത്തിന്റെ ശബ്ദം കേള്‍ക്കുകയും, ശരീരത്തിന്റെ ഓര്‍മ്മയില്‍ ചരിത്രത്തിന്റെ ചൂട്
തിരിച്ചറിയുകയും ചെയ്യുന്ന കവിതകളാണിവ.’ഡിസ്‌തൈമിക് ഡെയ്‌സി’ സ്വന്തം ശരീരത്തിലൂടെയും ഓര്‍മ്മകളിലൂടെയും ലോകത്തെ വായിക്കുന്ന സ്ത്രീയുടെ ആത്മസാക്ഷ്യമാകുന്നു. വ്യക്തിപരമായ അനുഭവങ്ങള്‍ സ്വകാര്യതയുടെ അടച്ച മുറിയില്‍ ഒതുങ്ങിനില്‍ക്കാതെ വീടുകളിലേക്കും കുടുംബത്തിലേക്കും സാമൂഹിക അധികാരത്തിലേക്കും സഞ്ചരിക്കുന്നു. മറ്റുള്ളവര്‍ എഴുതിവച്ച നിയമങ്ങള്‍ക്കിടയില്‍ സ്വന്തം ആഗ്രഹത്തിന്റെയും വേദനയുടെയും ഭാഷ കണ്ടെത്തുന്നു. ഇരുട്ടിനെ മറച്ചുവെക്കാതെ, അതിനുള്ളില്‍ത്തന്നെ വെളിച്ചത്തിന്റെ ഇടം കണ്ടെത്തിക്കൊണ്ട്, വിഷാദത്തിന്റെ നീണ്ട നിഴലുകള്‍ക്കിടയിലും മണ്ണിനടിയില്‍നിന്ന് വീണ്ടും തലനീട്ടുന്ന പൂവ്. അതാണ് ‘ഡിസ്‌തൈമിക് ഡെയ്‌സി.’
– ഡോ. അനു പാപ്പച്ചന്‍
രേഷ്മ സിയുടെ പുതിയ കവിതാസമാഹാരം



