Gauriyamma K R
1919 ജൂലായ് മാസം തിരുവോണം നാളില്‍ കളത്തില്‍ പറമ്പില്‍ രാമന്റെയും പാര്‍വതിയമ്മയുടെയും മകളായി ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് വില്ലേജില്‍ ജനിച്ചു. തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിലും, ചേര്‍ത്തല ഇംഗ്ലീഷ് സ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസിലും, സെന്റ് തെരേസാസിലുമായി ബിരുദ പഠനം. തുടര്‍ന്ന് തിരുവനന്തപുരം ഗവ. ലോ കോളേജില്‍ നിന്നും നിയമബിരുദം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവനരംഗത്തിറങ്ങി. സ്ത്രീകള്‍ക്ക് പ്രാമുഖ്യമില്ലാതിരുന്ന കേരള രാഷ്ട്രീയത്തിലിടം നേടിയത് ട്രേഡ് യൂണിയന്‍-കര്‍ഷകപ്രസ്ഥാന പ്രവര്‍ത്തനങ്ങളിലൂടെയാണ്. ദീര്‍ഘകാലം കേരള കര്‍ഷകസംഘം പ്രസിഡന്റായിരുന്നു. 1952-ലും 54-ലും തിരു-കൊച്ചി നിയമസഭയില്‍ വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. 1957-ല്‍ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയില്‍ റവന്യു മന്ത്രിസ്ഥാനം അലങ്കരിച്ചു. വിവാദമായ കാര്‍ഷികപരിഷ്‌കരണ നിയമം പാസ്സാക്കിയത് ഈ സമയത്താണ്. ഇതേ വര്‍ഷം തന്നെയായിരുന്നു. പ്രമുഖ നേതാവും മന്ത്രിയുമായിരുന്ന ടി.വി.തോമസ്സുമായുള്ള വിവാഹം. 1964 ല്‍ പാര്‍ട്ടിവിഭജനത്തിനുശേഷം പുതുതായി രൂപീകരിക്കപ്പെട്ട സി.പി.ഐ (എം) ല്‍ ഗൗരിയമ്മ ചേര്‍ന്നു. രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിരവധി ഉന്നതസ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള ഗൗരിയമ്മ ഇരുപതു കൊല്ലത്തോളം മഹിളാസംഘത്തിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1967,80,87 കാലത്ത് ഇടതുപക്ഷ മന്ത്രിസഭകളില്‍ അംഗമായി. 1987-ല്‍ വനിതാ കമ്മീഷന്‍ നിയമവും അഴിമതി നിരോധന നിയമവും പാസ്സാക്കി. 1994-ല്‍ സി.പി.ഐ (എം) ല്‍ നിന്നു പുറത്താക്കപ്പെട്ടു. തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ സമിതി രൂപീകരിച്ചു. ജെ. എസ്. എസ്, യു. ഡി. എഫിന്റെ ഘടകകക്ഷിയാകുകയും, 2001-ല്‍ യു. ഡി. എഫ് മന്ത്രിസഭയില്‍ ഗൗരിയമ്മ കൃഷിമന്ത്രിയായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. 1977ലും 2006ലും ഒഴികെ എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. ഇപ്പോള്‍ ജെ. എസ്. എസ്. ജനറല്‍ സെക്രട്ടറിയാണ്.
Showing the single result
Showing the single result