Description
പി.എഫ്. മാത്യൂസ്
സാഹിത്യത്തിന്റെയും കലയുടെയും സൗന്ദര്യം തേടിപ്പോകുന്നതാണ് ഈ പുസ്തകത്തിന്റെ പ്രധാന സവിശേഷതയായി എനിക്കു തോന്നുന്നത്. ദൊസ്തൊയേവ്സ്കിയുടെയും തർകോവ്സ്കിയുടെയും ആരാധകനായിരുന്ന മാത്യൂസ്, ചെക്കോവിനെയും ഓസുവിനെയും വില്യം കാർലോസ് വില്യംസിനെയും ഒക്കെയാണ് ഈ കഥകളിൽ കൂടെ നിറുത്തുന്നത്. അവരും മാത്യൂസും തമ്മിൽ നടക്കുന്നത് കനത്ത വിചാരണകളല്ല. പകരം അവർ ശബ്ദം താഴ്ത്തി പരസ്പരം സംസാരിക്കുന്നതാണ് ഞാൻ കേൾക്കുന്നത്. ശ്രദ്ധിച്ചുനോക്കിയാൽ കാണാം, അവർ സംസാരിക്കുന്നുപോലുമില്ല, പറയാനുള്ളത് ചൂണ്ടിക്കാണിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. ദാർശനികഭാരങ്ങൾ അഴിഞ്ഞുപോവുന്നു. ഒരു പന്ത് പിടിച്ചെടുക്കുന്നതുപോലെ, മാത്യൂസിന്റെ കണ്ണുകൾ സൗന്ദര്യത്തെ പിടിച്ചെടുക്കുന്ന സുഖകരമായ കാഴ്ച. മാത്യൂസിന്റെ പുതിയ സ്വാധീനങ്ങൾ അദ്ദേഹത്തെ കാക്കുകയും മോചിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഈ കെട്ടുപിണഞ്ഞ പേജുകളിലൂടെ സഞ്ചരിക്കുമ്പോൾ കാൽമുട്ടുകൾക്ക് ബലക്ഷയം തോന്നുന്നുണ്ടെങ്കിൽ, അത് സ്റ്റെൻദാലിന് സാന്താ ക്രോചെ ബസിലിക്കയിൽവെച്ചനുഭവപ്പെട്ട അതേ മോഹാലസ്യമാണ്. അത് ദൊസ്തൊയേവ്സ്കിയിൽനിന്ന് ചെക്കോവിലേക്കുള്ള ദൂരമാണ്.
– സച്ചു തോമസ്
വനജ, ഞാവൽപ്പഴം, ജീവിതം ജീവിതം എന്നു പറയുന്നത്, മുഴക്കം, നളിനി രണ്ടാം ദിവസം, കനം, ചൊവ്വാഴ്ചയല്ലാത്ത ഒരു ദിവസം, വെളുത്ത നിറമുള്ള മയക്കം, മരിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള പ്രാർഥന, കയ്പ്, പരിഭാഷകൻ എന്നിങ്ങനെ പതിനൊന്നു കഥകൾ.
പി.എഫ്. മാത്യൂസിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.







