Book KAVERIYODOPPAM ENTE YAATHRAKAL
Book KAVERIYODOPPAM ENTE YAATHRAKAL

കാവേരിയോടൊപ്പം എന്റെ യാത്രകള്‍

5.00 out of 5 based on 1 customer rating
(1 Ratings)

520.00 416.00 20% off

In stock

Browse Wishlist
Author: Johny O.k Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 447
About the Book

”കര്‍ണാടകത്തിലെ തലക്കാവേരി മുതല്‍ തമിഴ്‌നാട്ടിലെ പുംപുഹാര്‍ വരെ, കാവേരീതീരങ്ങളിലൂടെയുള്ള യാത്രകളുടെ അതീവഹൃദ്യമായൊരു ആഖ്യാനമാണിത്. ഒരു ചരിത്രഗവേഷകന്റെ തയ്യാറെടുപ്പുകളോടെയാണ് ഒ.കെ. ജോണിയുടെ ഈ യാത്ര. ഒരു അലസയാത്രികന് കാണാന്‍ കഴിയാത്ത മറ്റൊരു ലോകത്തെ ഈ എഴുത്തുകാരന്‍ അനാവരണം ചെയ്യുന്നു. കാവേരിയൊഴുകുന്ന ദേശങ്ങളുടെ നൂറ്റാണ്ടുകള്‍ ദീര്‍ഘിച്ച ചരിത്രപ്പഴമയും സാംസ്‌കാരികപ്പെരുമയുമാണ് ജോണി വരച്ചുവെക്കുന്നത്. യാത്രാവിവരണത്തെ സാംസ്‌കാരിക ചരിത്രത്തിന്റെ തലത്തിലേക്കുയര്‍ത്തുന്ന സാര്‍ഥകമായ ഒരു രചനാരീതിയാണിത്.”

എം.പി. വീരേന്ദ്രകുമാര്‍

The Author

മാധ്യമപ്രവര്‍ത്തകന്‍, ചലച്ചിത്രനിരൂപകന്‍, ഡോക്യുമെന്ററി സംവിധായകന്‍. ചില മലയാള പത്രങ്ങളുടെ ലേഖകനായും ബാംഗ്ലൂരില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന മലയാളത്തിലെ ആദ്യത്തെ കാര്‍ഷികപരിസ്ഥിതി മാസികയുടെ എഡിറ്ററായും ജോലിചെയ്തു. ആദ്യചിത്രമായ ഭദ ട്രാപ്ഡ്' (നിര്‍മാണം: കെ. ജയചന്ദ്രന്‍, 1995) ഏറ്റവും മികച്ച നരവംശശാസ്ത്രചിത്രത്തിനുള്ള രാഷ്ട്രപതിയുടെ ബഹുമതിക്കര്‍ഹമായി. രണ്ടാമത്തെ ചിത്രം ഭസൈലന്റ് സ്‌ക്രീംസ്: എ വില്ലേജ് ക്രോണിക്കിള്‍' (നിര്‍മാണം: ജോസ് സെബാസ്റ്റ്യന്‍) സാമൂഹികപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച ചിത്രത്തിനുള്ള 1997 ലെ രാഷ്ട്രപതിയുടെ അവാര്‍ഡും, മികച്ച ഡോക്യുമെന്ററി സിനിമയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡും നേടി. ദൂരദര്‍ശന്റെ ദേശീയ ശൃംഖലയ്ക്കുവേണ്ടി ഭപോര്‍ട്രേറ്റ് ഓഫ് സി.കെ.ജാനു' എന്നൊരു ജീവചരിത്ര ഡോക്യുമെന്ററിയും, കേരള സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പിനുവേണ്ടി വയനാടിന്റെ ചരിത്രത്തെക്കുറിച്ചൊരു ഹ്രസ്വരേഖാ ചലച്ചിത്രവും, കൈരളി ടിവിക്കു വേണ്ടി ഭഅയല്‍ക്കാഴ്ചകള്‍' എന്നൊരു ട്രാവല്‍ ഡോക്യുമെന്ററി പരമ്പരയും സംവിധാനം ചെയ്തു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലും (ബോംബെ, 1995), ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ആന്റ് ഡോക്യുമെന്ററി ഫെസ്റ്റിവലിലും (ബോംബെ 1996), നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലും (ഡല്‍ഹി, 1995) 'ട്രാപ്ഡ്' പ്രദര്‍ശിപ്പിച്ചു. Encotnros Internacionais de Cinema (Portugal, 1996), Soureh Film and Video Festival (Isfehan, Iran, 1996), Leipzig International Film Festival (Germany,1996) എന്നിവയാണ് ഡോക്യുമെന്ററിച്ചിത്രങ്ങള്‍ പങ്കെടുത്ത പ്രധാനപ്പെട്ട വിദേശമേളകള്‍. ഭമാധ്യമവൃത്താന്ത'മാണ് (പൂര്‍ണ പബ്ലിക്കേഷന്‍സ്) മറ്റൊരു കൃതി. സിനിമയുടെ വര്‍ത്തമാനം (പാപ്പിയോണ്‍) എന്ന കൃതിക്ക് 2001ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

1 review for KAVERIYODOPPAM ENTE YAATHRAKAL

 1. K A Shaji

  പെരിയാമുത്തൂര്‍ പ്രൈമറി സ്കൂളില്‍ അന്ന് നാലാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന അരവിന്ദനെ കണ്ടപ്പോഴാണ് നിങ്ങള്‍ ദന്ത സംരക്ഷണത്തിന് എന്ത് ചെയ്യുന്നു എന്ന പരസ്യം ഒരു വലിയ അസംബന്ധം ആയി അനുഭവപ്പെട്ടത്. അവന്‍റെ പല്ലുകള്‍ ഒട്ടുമിക്കതും കറുത്തിട്ടായിരുന്നു. ബാക്കിയുള്ളവ ചെമ്പിച്ചും. ആ ഗ്രാമത്തിലെ കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടെയും പല്ലുകള്‍ അങ്ങനെ തന്നെ ആയിരുന്നു എന്നതിനാല്‍ അവര്‍ക്കാര്‍ക്കും അപകര്‍ഷത തോന്നിയിരുന്നില്ല. എന്നാല്‍ പുറം ലോകത്ത് നിന്നും വെളുത്ത പല്ലുകളുമായി വരുന്നവരെ കണ്ടാല്‍ അവര്‍ വായ തുറക്കാതെയാണ് ചിരിക്കുക.
  ഫ്ലുറോസിസ് രോഗം ബാധിച്ചവര്‍ ആയിരുന്നു അവര്‍. ശരീരത്തില്‍ ഫ്ലൂറൈഡ് ഡെപ്പോസിറ്റ് അധികമായതിനാല്‍ ആര്‍ക്കും വെളുത്ത പല്ലുകള്‍ ഇല്ല. കുറെ അധികം പേര്‍ എണീറ്റ്‌ നില്‍ക്കാനും നടക്കാനും ശേഷി ഇല്ലാത്തവര്‍.
  ഗ്രാമത്തിലെ കുഴല്‍കിണറുകള്‍ ആയിരുന്നു അവര്‍ക്ക് വെള്ളത്തിനുള്ള ഉറവിടം. ലിറ്ററിന് ഒന്‍പത് മില്ലിഗ്രാം എന്ന തോതില്‍ ആണ് അവിടെ കിണറുകളിലെ വെള്ളത്തില്‍ ഫ്ലൂറൈഡ് അളവ്. പരമാവധി ഒന്നര മില്ലിഗ്രാം മാത്രമേ ഉണ്ടാകാവൂ എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
  തലമുറകളായി അവിടത്തെ ജനങ്ങള്‍ നല്ല വെള്ളം കുടിച്ചിട്ടില്ല. നല്ല വെള്ളത്തില്‍ കുളിച്ചിട്ടില്ല. നല്ല വെള്ളത്തില്‍ പാകം ചെയ്ത ഭക്ഷണം കഴിച്ചിട്ടില്ല. ദാഹിച്ചപ്പോള്‍ അവര്‍ പറഞ്ഞത് തൊട്ടടുത്ത കടയില്‍ നിന്നും കൊക്കകോള വാങ്ങി കുടിക്കാന്‍ ആണ്. അതാണ് കൂടുതല്‍ സുരക്ഷിതം.
  പെരിയാമുത്തൂര്‍ ഉള്‍പെടുന്ന ധര്‍മപുരി ജില്ലയില്‍ എഴുപതിനായിരത്തില്‍ അധികം കുട്ടികള്‍ക്കാണ് കറുത്ത പല്ലുകള്‍ ഉള്ളത്. മുതിര്‍ന്നവരുടെ എണ്ണം വേറെ. തൊട്ടടുത്ത കൃഷ്ണഗിരി ജില്ലയില്‍ കുട്ടികളുടെ എണ്ണം നാല്പതിനായിരം വരും.
  തര്‍ക്ക ജലവും പേറി കാവേരി നദി കാലങ്ങളായി ഈ പ്രദേശങ്ങള്‍ക്ക് വളരെ അടുത്തുകൂടി തന്നെ ഒഴുകിക്കൊണ്ടിരുന്നു. ജപ്പാന്‍ സഹായത്തോടെ ഹോഗ്ഗനെക്കല്‍ കുടിവെള്ള പദ്ധതി തമിഴ് നാട് സര്‍ക്കാര്‍ നടപ്പാക്കിയത് ഈ കുട്ടികള്‍ക്ക് നല്ല വെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. കര്‍ണാടക തുടക്കത്തിലേ എതിര്‍ത്തു. ബന്ദും തീവെയ്പും നടന്നു. ആക്രമണങ്ങളും. അന്തര്‍സംസ്ഥാന നദീജല തര്‍ക്കം എന്ന പതിവ് തലക്കെട്ടുകള്‍ക്ക് അപ്പുറം വിഷയത്തിന്‍റെ കാതലിലേക്ക് അധികമാരും കടന്നു ചെന്നില്ല. എല്ലാ നദീജല തര്‍ക്കങ്ങള്‍ക്കും ഉള്ളില്‍ ഇങ്ങനെ കുറെ മനുഷ്യരും അവരുടെ ജീവിതങ്ങളും ഉണ്ട്. ഭാഷയും ഉപദേശീയതയും വംശീയതയും പറഞ്ഞ് നദികളില്‍ തര്‍ക്ക ജലം ഒഴുക്കുന്നവര്‍ കാണാത്ത ജനങ്ങള്‍.
  വെള്ളം കുടിക്കാനും കൃഷിക്കും ആവശ്യമാണ്. അത് സംസ്ഥാന അതിര്‍ത്തികള്‍ നോക്കാതെ ഏറ്റവും ആവശ്യമുള്ളവര്‍ക്ക് അര്‍ഹത നോക്കി അനുവദിക്കണം എന്ന തിരിച്ചറിവ് തന്നത് ധര്‍മപുരിയിലും കൃഷ്ണഗിരിയിലും വാര്‍ത്തകള്‍ തേടി നടന്ന ആ കാലങ്ങള്‍ ആയിരുന്നു.
  ധര്‍മപുരിയില്‍ മൂന്നു ലിറ്റര്‍ വെള്ളത്തില്‍ വൃത്തിയായി കുളിക്കാം എന്ന് തെളിയിച്ച ഒരു ആട്ടിടയന്‍ കുട്ടി ഉണ്ട്. അവന്‍റെ കുളി അടുത്തിടെ ലോക റിക്കോര്‍ഡുകളില്‍ ഒന്നായി മാറി.
  നദികളില്‍ സുന്ദരി യമുന എന്ന് പാട്ടെഴുതിയ വയലാര്‍ രാമവര്‍മ്മ കാവേരിയെ വിശദമായി കണ്ടിരിക്കില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഭാഗമണ്ഡലത്തിലും തലക്കാവേരിയിലും നിസര്‍ഗധാമയിലും കൃഷ്ണരാജസാഗറിലും ശ്രീരംഗപട്ടണത്തും മാണ്ട്യയിലും ശിവസമുദ്രത്തിലും തലക്കാട്ടും തിരുമക്കൂടല്‍ നരസിപുരത്തും കാവേരി അതിമനോഹരിയാണ്. മേട്ടൂരിലെ സ്റ്റാന്‍ലി അണക്കെട്ട്കഴിഞ്ഞു കഴിഞ്ഞാല്‍ മാത്രമേ നീരൊഴുക്ക് കുറയൂ…..എങ്കിലും നാമക്കലിലും ശ്രീരംഗത്തും കല്ലണയിലും തഞ്ചാവൂരിലും തിരുവയ്യാറിലും കാവേരി പൂംപട്ടണത്തിലും എല്ലാം സംസ്കാരങ്ങള്‍ക്കിടയിലെ പൂരക ശക്തിയായി കാവേരി എന്നുമുണ്ട്. ഓരോ യാത്രയിലും കാവേരി ഓരോ നല്ല അനുഭവങ്ങള്‍ ആയിരുന്നു.
  മാണ്ട്യയിലെ കരിമ്പും നെല്ലും ചോളവും കൃഷി ചെയ്യുന്ന കര്‍ഷകരെയും നേരില്‍ കണ്ടു സംസാരിച്ചിട്ടുണ്ട്. നദിയും അതിലെ വെള്ളവും അവരുടെ അതിവൈകാരികത അല്ല. മറിച്ച് നിലനില്‍പ്പും അതിജീവനവും ആണ്.
  മറ്റെല്ലാ നദികളെയും പോലെ കാവേരിയും മരിക്കുകയാണ്. മണലെടുപ്പും മാലിന്യം ഒഴുക്കലും നിര്‍ബാധം. നദിയുടെയും കൈവഴികളുടെയും തുടക്ക പ്രദേശങ്ങളില്‍ വനനശീകരണവും വ്യാപകം.
  കോടതി വ്യവഹാരങ്ങള്‍ക്കും അന്തര്‍ സംസ്ഥാന തര്‍ക്കങ്ങള്‍ക്കും ഇടയില്‍ കാവേരി അശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്നു. ദരിദ്രരും നിസ്വരുമായ കര്‍ഷകരും കര്‍ഷക തൊഴിലാളികളും ആണ് അപ്പുറവും ഇപ്പുറവും. അവരെ തമ്മില്‍ തല്ലിക്കാന്‍ ഭാഷാ സങ്കുചിത വാദികള്‍. ആരും നദിയുടെ മരണത്തെ പറ്റി പറയുന്നില്ല. നദി സംരക്ഷണം അതുമായി ബന്ധമുള്ള മുഴുവന്‍ പേരുടെയും നിലനില്‍പ്പാണ് എന്ന് ആരും പറയുന്നില്ല.
  ഭാഷകള്‍ക്കും സംസ്കാരങ്ങള്‍ക്കും അപ്പുറമുള്ള ഒരു ജീവജലനദിയാണ് അഖണ്ട കാവേരി. മനുഷ്യരെ തലമുറകളില്‍ കൂട്ടിയിണക്കിയിരുന്ന ഒരു കാരുണ്യ പ്രവാഹം.
  കാവേരിയോടൊപ്പം ഉള്ള യാത്രകള്‍ തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ടര ദശകങ്ങള്‍ കഴിഞ്ഞു. അവയില്‍ മിക്കതും സുഹൃത്തും മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനും ആയ ശ്രീ ഒ കെ ജോണിയോടൊപ്പം ആയിരുന്നു. ഒരിക്കല്‍ തഞ്ചാവൂര്‍ ക്ഷേത്ര സമുച്ചയത്തിലെ അനുപമമായ ശില്പ ഭംഗികളില്‍ സ്വയം ഇല്ലാതാകവെ ഇനി ഞാന്‍ ഇവിടം വിട്ട് എങ്ങോട്ടും ഇല്ലെന്നും നിനക്ക് മടങ്ങി പോകാമെന്നും അദ്ദേഹം പറഞ്ഞതാണ്‌. തിരിച്ചു കേരളത്തിലേക്ക് വന്നെ പറ്റൂ എന്നും കാവേരിയെ കുറിച്ച് ഒരു പുസ്തകം എഴുതിയാല്‍ മതിയെന്നും പറഞ്ഞിട്ടും ഇപ്പോള്‍ ഏതാണ്ട് രണ്ടു ദശകങ്ങള്‍ കഴിഞ്ഞു.
  ജോണിയേട്ടന്‍ വാക്ക് പാലിച്ചു. `കാവേരിയോടൊപ്പം എന്റെ യാത്രകള്‍’ എന്ന അദ്ധേഹത്തിന്റെ അതി മനോഹരമായ ഗ്രന്ഥം കഴിഞ്ഞ ദിവസം മാതൃഭൂമി ബുക്ക്സ് പുറത്തിറക്കി. അഞ്ഞൂറ്റി ഇരുപത് രൂപയാണ് വില. വാങ്ങുന്നവര്‍ക്ക് അനുപമമായ ഒരു വായനാനുഭവം ഉറപ്പ് നല്‍കുന്നു.
  ഇത് കേവലം ഒരു യാത്രാ വിവരണമല്ല. ചരിത്രവും ഭൂമി ശാസ്ത്രവും മിത്തും അനുഭവങ്ങളും ജീവിതവുമാണ്. നദിയും നദിയുടെ കരയിലെ ജീവിതങ്ങളും നദി വളര്‍ത്തിയ സംസ്കാരങ്ങളും കലയും സാഹിത്യവും സംഗീതവും കാര്‍ഷിക മുന്നേറ്റങ്ങളും എല്ലാം ചര്‍ച്ചയാകുന്നു. സൂക്ഷ്മത്തിലേക്കും സ്ഥൂലത്തിലേക്കും മാറി മാറി സഞ്ചരിക്കുന്ന ആഖ്യാനം.
  വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യേണ്ടുന്ന പുസ്തകം.

  “പുലരിയിലിളവെയിലാടും പുഴ പാടുകയായി
  പ്രിയമൊടു തുയിൽമൊഴിതൂകും കാവേരി നീ….”

Add a review

You're viewing: KAVERIYODOPPAM ENTE YAATHRAKAL 520.00 416.00 20% off
Add to cart