Description
മില്ലേനിയല്‍ കാലത്തു ജനിച്ച് ജെന്‍-സി കാലത്തു ജീവിച്ചുകൊണ്ടിരിക്കുന്ന എന്നെ ഓര്‍മ്മകളുടെ കാലിഡോസ്‌കോപ്പ് കൊണ്ട് അത്രമേല്‍ ആര്‍ദ്രതയോടെ ചേര്‍ത്തുപിടിക്കുകയാണ് വേറൊരു
മില്ലേനിയല്‍കാരന്‍,’ഓര്‍മ്മോപനിഷത്ത്’ എന്ന മില്ലേനിയല്‍സിന്റെ മെമ്മറികളുടെ മാനിഫെസ്റ്റോയിലൂടെ. തൊണ്ണൂറുകളില്‍ കുട്ടിക്കാലം കടന്നുപോയവരെ ഓര്‍മ്മകള്‍കൊണ്ട് ആദ്യംമുതല്‍ അന്ത്യംവരെ വട്ടത്തില്‍ കറക്കിക്കൊണ്ടിരിക്കും ഈ പുസ്തകം.’ഓര്‍മ്മോപനിഷത്തി’ലൂടെ കടന്നുപോകുമ്പോള്‍ ”ഹൊ, എന്തൊരു കാലമായിരുന്നു…” എന്ന് സങ്കടം കലര്‍ന്ന ഗൃഹാതുരതയോടെ ഓര്‍ത്തുപോവും. സമയമാം യമുന പിറകിലേക്കൊഴുകിയ ഓര്‍മ്മകള്‍ ഓടക്കുഴലൂതിവരുന്നത് നമ്മള്‍ അനുഭവിക്കും. മഴ പെയ്തു മാനം തെളിഞ്ഞ നേരത്ത് തൊടിയിലെ തൈമാവിന്‍ചോട്ടില്‍ ഒരു കൊച്ചുകാറ്റേറ്റ് വീണ തേന്‍മാമ്പഴം ഒരുമിച്ചുപങ്കിട്ട കാലത്തേക്ക് തിരിച്ചുപോകും. പാകിസ്താനെതിരെ കനിത്കര്‍ അവസാനബോളില്‍ ഫോറടിച്ച് ഇന്ത്യയെ ജയിപ്പിച്ച ക്രിക്കറ്റ് മത്സരത്തിന്റെ രോമാഞ്ചം ഒരിക്കല്‍ക്കൂടി തിരിച്ചുവരും.
-പി.വി. ഷാജികുമാര്‍
‘നയന്റീസ് കിഡ്’ എന്ന മില്ലേനിയല്‍ മനുഷ്യര്‍ക്ക് ഗൃഹാതുരത്വത്തിന്റെ ഉപനിഷത്തും മാനിഫെസ്റ്റോയുമാകുന്ന പുസ്തകം





